മസ്‌ദൂർ സംഘർഷ് സങ്കൽപ്പ് അഭിയാൻ
കോവിഡ് -19 പിടിപെട്ടു മരിക്കാൻ ഞങ്ങൾ തയ്യാറല്ല!
പട്ടിണിയും തൊഴിലില്ലായിമയും മൂലം മരിക്കാൻ ഞങ്ങൾ തയ്യാറല്ല!
അടിമകളെ പോലെ നരകിക്കാനും ചതഞ്ഞരയാനും ഞങ്ങൾ തയ്യാറല്ല!
മാനുഷികവും അന്തസ്സുറ്റതുമായ ഒരു ജീവിതം ഞങ്ങൾ ആവശ്യപ്പെടുന്നു!
ഞങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി ഞങ്ങൾ പോരാടും!
നേടിയെടുക്കുന്നതുവരെ ഞങ്ങൾ പിന്മാറില്ല !
സുഹൃത്തുക്കളേ, പ്രീയപ്പെട്ട സഹോദരി – സഹോദരന്മാരെ,
കോവിഡ് -19 എന്ന മഹാമാരി ആഗോള മുതലാളിത്ത വ്യവസ്ഥയുടെ നഗ്നവും ദാരുണവുമായ യാഥാർഥ്യം നമുക്ക് മുൻപിൽ അനാവരണം ചെയ്‌തിരിക്കുകയാണ്. ഒരു വശത്തു തൊഴിലാളികൾ കൊറോണ വൈറസിനും മരണത്തോടും മല്ലിട്ടുകൊണ്ടിരിക്കുമ്പോൾ , മറു വശത്തു അങ്ങേയറ്റം തൊഴിലാളി വിരുദ്ധരായ മോദി സർക്കാർ അടിച്ചേൽപ്പിച്ച ആസൂത്രണ രഹിതവും തെറ്റായി വിഭാവനം ചെയ്‌തതുമായ ലോക്ക് ഡൌൺ മൂലം നൂറുകണക്കിന് മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ വീടുകളിലേക്ക് മടങ്ങാൻ ആഗ്രഹിച്ച കുടിയേറ്റ തൊഴിലാളികൾക്ക് യാതൊരുവിധത്തിലുള്ള സൗകര്യങ്ങളും സർക്കാർ ഒരുക്കിയില്ല. തൽഫലമായി ശ്രമിക് എന്ന പേരിൽ ധൃതിപിടിച്ചു നിരത്തിലിറക്കിയ പ്രത്യേക തീവണ്ടികളാകട്ടെ എൺപതോളം തൊഴിലാളികളുടെയും കുഞ്ഞുങ്ങളുടെയും മരണത്തിനു കാരണമായി. ഇപ്പോഴാകട്ടെ, കുറച്ചുമാസങ്ങളിലായി നിശ്ചലാവസ്ഥയിലായിരുന്ന, ലാഭം മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള മുതലാളിത്ത ഉത്പാദന സംവിധാനം വീണ്ടും ചലിപ്പിക്കാനായി, മുൻപത്തേതു് പോലെ ആസൂത്രണ രഹിതമായി ലോക്ക് ഡൌൺ പിൻവലിച്ചു, . ഫാക്ടറികളിലേക്കും തൊഴിൽ ശാലകളിലേക്കും തിരികെപോകാൻ നാം നിർബന്ധിതരായിരിക്കുകയാണ്. ഫാക്ടറികളിലേക്കും ഓഫീസുകളിലേക്കും തിരികെ എത്തിയ ഒരുപാട് തൊഴിലാളികൾക്കു വൈറസ് ബാധിക്കുകയും , തൊഴിലാളികൾ താമസിക്കുന്ന അയല്പക്കങ്ങളിൽ വ്യാപകമായി വൈറസ് പടരുകയും ഒരുപാട് പേർ മരണപ്പെടുകയും ചെയ്‌തു. എന്നാൽ ഇത്തരം കണക്കുകൾ വലിയതോതിൽ മറച്ചുവെക്കുകയും അടിച്ചമർത്തി വെക്കുകയും ചെയ്യുന്ന സ്‌ഥിതിവിശേഷമാണുള്ളത് . മുതലാളിമാരും അവരുടെ ദല്ലാളന്മാരും നമുക്ക് മുൻപിൽ വെച്ചിരിക്കുന്ന 2 ബദലുകളാണ്, ഒന്നുകിൽ പട്ടിണിയും തൊഴിലില്ലായിമയും മൂലം മരിക്കുക, അല്ലെങ്കിൽ കോവിഡ് -19 മൂലം മരിക്കുക! നമ്മുടെ മുന്നിൽ മറ്റു വഴികൾ ഇല്ലാതായിരിക്കുകയാണ്. കൊറോണ മൂലമുള്ള മരണത്തിൽ നിന്നും , പട്ടിണിയും തൊഴിലില്ലായിമയും മൂലമുള്ള മരണത്തിൽ നിന്നും സംരക്ഷണം നേടിയെടുക്കാൻ നമുക്ക് അവകാശമുണ്ട്.
മതവിശ്വാസികളായ തീര്‍ത്ഥാടകർക്കും, മധ്യ- കച്ചവട വർഗ്ഗത്തിനും, പണക്കാരുടെ മക്കൾക്കുമായി, പ്രത്യേകമായ വിമാനങ്ങളും, ശീതീകരിച്ച ബസുകളും മോദി സർക്കാർ ഏർപ്പെടുത്തി, എന്നാൽ തൊഴിലാളികളെ തെരുവിൽ കിടന്നു മരിക്കാനായി വിട്ടു. ഓർക്കണം, നമ്മളാണ്, ഈ സമ്പന്ന വർഗ്ഗത്തിൻറെ ആഡംബര സൗധങ്ങളും ഫ്ലാറ്റ് സമുച്ചയങ്ങളും വലിയ ബംഗ്ളാവുകളും ഒക്കെ നിർമിച്ചത്. നമ്മളാണ് ഇവരുടെ കാറുകളും വിമാനങ്ങളും നിർമിച്ചത്. ഈ കാണുന്ന ലോകം മുഴുവൻ പണിതത് നമ്മളാണ്. എന്നാൽ ഈ മുതലാളിത്ത വ്യവസ്ഥയിൽ നമ്മൾക്കെന്തുണ്ട്? ഒന്നുമില്ല!, ഉടമസ്ഥരുടെ ലാഭം വർധിപ്പിക്കാൻ, അവരുടെ പണ്ടാരപെട്ടി നിറയ്ക്കാൻ , വിശ്രമമില്ലാത്ത 12 അല്ലെങ്കിൽ ചിലപ്പോൾ 14 മണിക്കൂറുകളോളം വിശ്രമരഹിതമായി ജോലി ചെയ്യുക എന്നതാണ് നമ്മുടെ ദൗത്യം. സർക്കാർ നിയന്ത്രണത്തിലുള്ള സംഭരണ ശാലകളുടെ കാര്യം തന്നെ എടുക്കു, സംഭരണശേഷിയുടെ മൂന്ന് മടങ്ങിലധികം , അതായത് 7.5 കോടി മെട്രിക് ടണ്ണോളം വരുന്ന ഭക്ഷ്യധാന്യങ്ങളാണ് പൂഴ്ത്തിവെപ്പുമൂലം ചീഞ്ഞു നശിക്കുന്നത്. ഈ ലോക്ക് ഡൌൺ കാലയളവിൽ 18 കോടി ജനങ്ങളുടെ വിശപ്പകറ്റാൻ ഇത് ധാരാളമായിരുന്നു. അടുത്തിടെ വന്ന ഒരു റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ നാല് മാസ കാലയളവിൽ ഗോഡൗണുകളിൽ കിടന്നു ചീഞ്ഞളിഞ്ഞത് 65 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങളാണ്. ടാറ്റയോ ബിർളയോ അംബാനിയോ , മറ്റു ധനിക കര്ഷകരോ , ഭൂവുടമ വർഗങ്ങളോ അല്ല ഈ ധാന്യങ്ങളൊന്നും കൃഷി ചെയ്‌തതും കൊയ്തതും. നമ്മുടെ അധ്വാനിക്കുന്ന കയികളാണ് അതും കൃഷിചെയ്തതും കൊയ്തതും. എന്നിട്ടും ഈ കോവിഡ് പ്രതിസന്ധിയിൽ നമ്മളെ പട്ടിണിക്കിട്ടു മരിക്കാന്‍ വിട്ടു, നമ്മുടെ മക്കളെ ഭക്ഷണത്തിനായി നരകിപ്പിച്ചു, ഒരു ഗതിയുമില്ലാതെ സ്വന്തം ഗ്രാമങ്ങളിലേക്കു കാല്‍നടയായി ഇറങ്ങിത്തിരിച്ചു , വഴിയിൽ മരിച്ചു വീഴാൻ വിട്ടു, എന്തുകൊണ്ട് ?
ഒരു ചെറിയ മൊട്ടുസൂചി മുതൽ ഭീമാകാരങ്ങളായ കപ്പലുകൾ വരെ എല്ലാം നിർമിക്കുന്നത് നമ്മളാണ്. എന്നാലോ, ഒന്നും നിയന്ത്രിക്കാനുള്ള അവകാശം നമ്മൾക്കില്ല. എന്നാൽ തൊഴിലാളികളുടെ അധ്വാനത്തിന്റെ പങ്കു പറ്റി ജീവിക്കുന്ന മുതലാളിമാരും , കോൺട്രാക്ടർമാരും ദല്ലാൾമാരും അടങ്ങുന്ന, ചോര ഊറ്റി കുടിക്കുന്ന കുളയട്ടകളെ പോലെയുള്ള പരാന്നഭോജികളായ ഉടമസ്ഥ വർഗം, ഒരു പണിയും എടുക്കാതെ സുഖമായി ജിവിക്കുകയാണ്. ഇതൊന്നും നമുക്ക് അറിയാത്ത കാര്യമല്ല , എന്നാൽ കോവിഡ് -19 മൂലം മൂർച്ഛിച്ച മുതലാളിത്ത പ്രതിസന്ധി ഈ പച്ചയായ സത്യം കൂടുതൽ തെളിമയോടെ നമ്മുടെ മുന്നിൽ തുറന്നുകാട്ടിതരികയാണ്.
മൂലധനത്തിന്റ ഈ കൂലി അടിമത്തത്തെ അംഗീകരിച്ചു, സഹിച്ചു കഴിയാൻ നിങ്ങൾ തയാറാണോ? നിങ്ങളുടെ കുഞ്ഞുങ്ങൾ നിങ്ങളുടെ കണ്‍മുന്നിൽ കിടന്നു കരയുന്നതും നരകിക്കുന്നതും നിങ്ങളുടെ വിധിയായി നിങ്ങൾ അംഗീകരിച്ചു കഴിഞ്ഞോ?. അതെ, എന്നാണു ഉത്തരമെങ്കിൽ ഞങ്ങൾക്ക് നിങ്ങളോടൊന്നും പറയ്യാനില്ല. എന്നാൽ ഈ ദുരിതസമാനമായ സാഹചര്യങ്ങൾക്കെതിരെ നിങ്ങളുടെ വിപ്ലവഹൃദയം പ്രതിഷേധിക്കുന്നുണ്ടെങ്കിൽ നിരാശ വെടിഞ്ഞു ഒരുപുതിയ തുടക്കത്തിന് ഒരുങ്ങുകയാണ് വേണ്ടത്. നമ്മുടെ അവകാശങ്ങൾക്കു വേണ്ടി പോരാടാനായുള്ള ഒരു പുതിയ തുടക്കം. അതിനായി നാം സ്വയം ഉയർത്തെഴുനേൽക്കേണ്ടതുണ്ട്. നമ്മുടെ സഹോദരീ സഹോദരങ്ങളെയും സുഹൃത്തുക്കളെയും ഉണർത്തേണ്ടതുണ്ട്. അതുകൊണ്ടാണ് രാജ്യത്തുടനീളമുള്ള തൊഴിലാളികൾ ഒരുമിച്ച് മുന്നോട്ടു വന്നു ഈ സംഘടിത സമരത്തിന് തുടക്കം കുറിക്കുന്നത്.
ഉടമസ്ഥ – മുതലാളി വർഗ്ഗത്തിന്റെ ലാഭം വർധിപ്പിക്കാനുള്ള പ്രവർത്തനം മൂലം , കോവിഡ് -19 മഹാമാരി തുടങ്ങുന്നതിനു മുൻപേ തന്നെ , ഒരു സാമ്പത്തിക പ്രതിസന്ധി രാജ്യത്തു സംജാതമായിരുന്നു. ഈ മഹാമാരിയാകട്ടെ ആ പ്രതിസന്ധിയെ കൂടുതൽ മൂർച്ഛിപ്പിക്കുകയും അതിന്റെ തീവ്രത കൂട്ടുകയും ചെയ്‌തു. എന്നാൽ എല്ലായ്പ്പോഴും എന്ന പോലെ, പിരിച്ചുവിട്ടും പണിശാലകൾ അടച്ചും വേതനം പിടിച്ചുവെച്ചും യാതൊരു വിധ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാതെ , ഈ മഹാമാരിയുടെ കാലത്തും നിർബന്ധമായും പണി ചെയ്യിപ്പിച്ചും ഈ പ്രതിസന്ധിമൂലം ഉണ്ടായ മൊത്തം നഷ്ടവും നമ്മൾ തൊഴിലാളികളിൽ നിന്നുമാണ് കവർന്നെടുക്കുന്നത്. നമ്മൾക്ക് നമ്മുടെ വീടുകളിലേക്ക് തിരിച്ചു പോകാൻ സർക്കാർ സമ്മതിക്കില്ല, കാരണം നമ്മളെ പോകാനനുവദിച്ചാൽ ഉടമസ്ഥ -മുതലാളി വർഗ്ഗത്തിനായി പണിയെടുക്കാൻ ആളെ കിട്ടാതെ വരും, തന്മൂലം ശരാശരി വരുമാനം അവർക്ക് ഉയർത്തേണ്ടതായി വരും. ഇതുകാരണം നമ്മുടെ സാഹോദരി സഹോദരന്മാരിൽ പലരും അവരുടെ മക്കളെയും കൂട്ടി റോഡുകളിലൂടെയും റെയിൽ പാളങ്ങളിലൂടെയും കാൽനടയായി പോകാൻ ശ്രമിച്ചു. പലരും ആ ദയനീയ യാത്രക്കിടയിൽ മരിച്ചുവീണു, പലരും വിശപ്പ് അടക്കാനാവാതെ മരിച്ചു, നടുന്നു പോകുന്നതിനിടെ തീവണ്ടി തട്ടിയും വാഹനങ്ങൾ ഇടിച്ചും കുറേപേർ മരിച്ചു. തീവണ്ടികളിൽ തിരിച്ചു പോകാൻ അവസരം കിട്ടിയവരിൽ തന്നെ വഴിക്കു വെച്ച് പലരും മരണപ്പെട്ടു, പലർക്കും അസുഖം പിടിപെട്ടു. കാരണം, ഭക്ഷണത്തിനോ കുടിവെള്ളത്തിനായോ ഉള്ള യാതൊരു ക്രമീകരണവും മോദി സർക്കാർ മനഃപൂർവം ചെയ്തില്ല, മാത്രമല്ല, വഴിതിരിച്ചുവിട്ടും തെറ്റായ സ്ഥാനങ്ങളിലേക്ക് ദിശ മാറ്റിയും ട്രെയിനുകൾ ലക്ഷ്യസ്ഥാനത്തെത്താതെ ആഴ്ചകളോളം കിടന്നു.
യാതൊരുവിധ ആകുലതകളും പ്രകടിപ്പിക്കാത്ത , ഇത്രമാത്രം മനുഷ്യത്വ രഹിതവും തൊഴിലാളി വിരുദ്ധവുമായ ഒരു സർക്കാരിനെ നിങ്ങൾക്ക് സങ്കല്പിക്കാനാകുമോ? തങ്ങളുടെ തന്നെ ലാഭകൊതി മൂലം ഉൽഭവിച്ച, കോവിഡ് -19 മഹാമാരി കൈകാര്യം ചെയ്യുന്നതിൽ വരുത്തിയ വീഴ്ച്ച മൂലം മൂർച്ഛിച്ച ഈ പ്രതിസന്ധിയിലൂടെ ഉണ്ടായ നഷ്ടം ഉടമസ്ഥന്മാരും മുതലാളിമാരും അവരുടെ ദല്ലാളന്മാരും ഇവരെയൊക്കെ പ്രതിനിധീകരിക്കുന്ന മോദി സർഗക്കാരും നമ്മുടെ വിയർപ്പിലൂടെയും ചോരയുടെയും ജീവനിലൂടെയുമൊക്കെ മുതലാക്കുന്നത്. ഇപ്പോഴാകട്ടെ , നിയമം നമുക്ക് ഉറപ്പുനൽകുന്ന തൊഴിൽ അവകാശങ്ങൾ പോലും ഓർഡിനൻസ് ഇറക്കി മോദി സർക്കാരും, ബിജെപി – കോൺഗ്രസ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരുകളും കവർന്നെടുക്കുകയാണ്. ഇതാണ് മോദി സർക്കാർ വിഭാവനം ചെയ്യുന്ന രാമരാജ്യം. നിങ്ങൾ ഒരു തൊഴിലാളിയാണെകിൽ , നിങ്ങൾ ഒരു ഹിന്ദുവാണോ , മുസ്ലിം ആണോ , അതോ മറ്റേതെങ്കിലും മതക്കാരാണോ എന്നുള്ളതൊന്നും പ്രശ്നമല്ല, നമ്മെ സംബന്ധിച്ചു രാമരാജ്യത്തിന്റെ അർഥം നമ്മുടെ മുതലാളിമാരുടെയും കോൺട്രാക്ടർമാരുടെയും കീശ നിറക്കാനായി പന്ത്രണ്ടും പതിനാലും മണിക്കൂറുകളോളം പരാതികൂടാതെ ചോരനീരാക്കി പണിയെടുക്കുക എന്നതാണ്.
ഇത് ഇനിയും നമ്മൾക്ക് അംഗീകരിച്ചു കൊടുക്കുവാനാകില്ല. നമ്മുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണ്. നമുക്കും അന്തസ്സും അഭിമാനത്തോടും കൂടി ജീവിക്കാൻ അവകാശമുണ്ട്. പട്ടിണിയിൽ നിന്നും , തൊഴിലില്ലായ്മയിൽ നിന്നും ഭവനരാഹിത്യത്തിൽ നിന്നും നിരക്ഷരതയിൽ നിന്നും ചൂഷണത്തിൽ നിന്നും നമുക്ക് മോചനം വേണം. നമ്മുടെ എല്ലാ തൊഴിൽ അവകാശങ്ങളും നമുക്ക് ലഭ്യമാകണം. ഈ രാജ്യത്തിന്റെ സമ്പത്തു മുഴുവൻ ഉത്പാദിപ്പിക്കുന്നത് നമ്മളാണ്. ടാറ്റ – ബിർള – അംബാനിമാരെ പോലെയുള്ള മുതലാളികളോ ,ഉടമസ്ഥരോ കോൺട്രാക്ടർമാരോ അല്ല, മറിച്ചായിരുന്നെങ്കിൽ നമ്മൾ വീടുകളിലേക്ക് മടങ്ങി പോകുന്നതിനെ അവർ തടയില്ലായിരുന്നു, അവരുടെ ഫാക്ടറികളിലും , ഖനികളിലും, കൃഷിപാടങ്ങളിലും തൊഴിൽ ശാലകളിലും അവർ തന്നെ പണി എടുത്ത് സമ്പത്തുത്പാദിപ്പിച്ചേനെ.
അതുകൊണ്ടാണ് സുഹൃത്തുക്കളെ പറയുന്നത് , നമ്മൾ നമ്മുടെ അവകാശങ്ങളിൽ ഉറച്ചു നിൽക്കണം. നമ്മുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നമ്മൾ തെരുവിലേക്കിറങ്ങും, സമര-പ്രതിഷേധങ്ങൾ സംഘടിപ്പിക്കും, നമുക്ക് ന്യായമായും ലഭിക്കേണ്ടുന്ന അവകാശങ്ങൾ നേടിയെടുക്കുന്നത് വരെ നമ്മൾ പോരാടും.
നമ്മുടെ ആവശ്യങ്ങൾ ;
1) കോവിഡ് 19 മഹാമാരിയുടെ കാലത്തു മൂർച്ഛിച്ച സാമ്പത്തിക പ്രതിസന്ധിയുടെ മറവിൽ, 12 മണിക്കൂറുകളോളം അടിമകളെ പോലെ തൊഴിലാളികളെ പണി എടുപ്പിയ്ക്കാൻ അനുവദിക്കുന്നത് മുതൽ സംഘടിക്കാനും , സമരം ചെയ്യാനുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെ കവർന്നെടുക്കുന്ന വരയുള്ള, തൊഴിൽ നിയമങ്ങളിൽ വരുത്തിയ എല്ലാ ഭേദഗതികളും ഉടനടി പിൻവലിക്കുക.
2) APL – BPL വ്യത്യാസമില്ലാതെ എല്ലാ തൊഴിലാളികൾക്കും തൊഴിലെടുത്തു മാത്രം ജീവിക്കാൻ വകയുള്ളവർക്കും സൗജന്യ റേഷൻ ഏർപ്പെടുത്തുക
3) കൊറോണ വൈറസ് പടരാനുള്ള സാഹചര്യം നിലനിക്കുന്നതുവരെ തൊഴിലിൽ തിരികെ പ്രവേശിക്കാൻ തൊഴിലാളികളെ നിർബന്ധിച്ചുകൂടാ. ലോക്ക്ഡൌൺ പിൻവലിക്കുന്നതിന്റെ പേരിൽ തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കാതിരിക്കുക. വേതനത്തോടു കൂടിയ അവധിയും തൊഴിൽസുരക്ഷയും ഉറപ്പുനൽകുക. കോവിഡ് പ്രതിസന്ധിയുടെ സമയത്തു തൊഴിൽ അവസരങ്ങൾ വെട്ടിചുരുക്കുന്നതും തൊഴിലാളികളെ പിരിച്ചുവിടുന്നതുമായ പ്രവണത അടിയന്തിരമായി നിർത്തുക.
4) “സ്വയം തൊഴിലുകാർ” എന്ന് വിശേഷിപ്പിക്കുന്ന വഴിയോര കച്ചവടക്കാർ , റിക്ഷ വലിക്കുന്നർ തുടങ്ങിയ അസംഘടിത തൊഴിലാളികൾക്ക് മാസം 15000 രൂപ ജീവിത ചെലവിനായി അനുവദിക്കുക. സൗജന്യ കോവിഡ് പരിശോധനയും ആവശ്യമായ സുരക്ഷാ ഉപകാരങ്ങളും സാമഗ്രികകളും അവർക്കു നൽകുക.
5) എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, കുടിയേറ്റ തൊഴിലാളികൾക്ക് തങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോകാൻ ആവശ്യമായ സൗജന്യ യാത്ര സൗകര്യം ഒരുക്കുക. കുടിയേറ്റ തൊഴിലാളികൾക്കായി ഇതുവരെ ഏർപ്പെടുത്തിയ തീവണ്ടി യാത്ര ക്രമീകരണങ്ങളിൽ വരുത്തിയ കുറ്റകരമായ അനാസ്ഥക്കെതിരെ റെയിൽവേ മന്ത്രിക്കെതിരെയും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും ക്രിമിനൽ കുറ്റം ചുമത്തി കേസ് എടുക്കുക!
6) ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും, അവശ്യ സാധങ്ങളുടെ ഉത്പാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിട്ടുള്ള എല്ലാ തൊഴിലാളികൾക്കും, നിരത്തിലിറങ്ങി ജോലി ചെയ്യുന്ന എല്ലാ പോലീസുകാർക്കും ആവശ്യമായ എല്ലാവിധ സുരക്ഷാ ഉപകരണങ്ങളും സാമഗ്രികകളും നൽകുക. കൃത്യമായ ഇടവേളകളിൽ സൗജന്യമായ കോവിഡ് പരിശോധനയും സൗജന്യ ചിത്സയും അവർക്കു നല്കുക.
7) എല്ലാ അവശ്യ സാധനങ്ങൾക്കും സേവങ്ങൾക്കും സൗജന്യവും സാർവ്വത്രികവുമായ പൊതു വിതരണ സംവിധാനം ഏർപ്പെടുത്തുക.
8) സർക്കാരിന്റെ നിരുത്തരവാദിത്തപരവും ആലോചനരഹിതവുമായ ക്രമീകരണങ്ങൾമൂലം, കാൽനടയായി വീടുകളിലേക്ക് പോകുന്നതിടയിലും ശ്രമിക്ക് തീവണ്ടികളിലും വെച്ചു മരണപെട്ടവരുടെ കുടുംബങ്ങൾക്ക് മാന്യമായ നഷ്ടപരിഹാരം നൽകുക. അവരുടെ കുടുംബത്തിലെ ഒരംഗത്തിനു സ്ഥിരജോലി ഏർപ്പെടുത്തുക.
9) കോവിഡ് 19 നെതിരെയുള്ള ചെറുത്തുനില്പിനായുള്ള വിഭവ സമാഹരണത്തിനായി മുതലാളിമാരുടെയും സമ്പന്ന വർഗ്ഗത്തിന്റെയും കയ്യിൽ നിന്നും പ്രത്യേക നികുതി , സെസ് എന്നിവ പിരിയ്ക്കുക്ക.
10) കെട്ടുറപ്പുള്ളതും ഗുണമേന്മയുള്ളതുമായ പൊതുജനാരോഗ്യ സംവിധാനം കെട്ടിപ്പടുക്കുക. പുതിയ സർക്കാർ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, പ്രത്യേകമായുള്ള പകർച്ചവ്യാധി നിയന്ത്രണ കേന്ദ്രങ്ങൾ എന്നിവ വ്യാപകമായി തുടങ്ങുക. ഇതിനാവശ്യമായുള്ള മാനവവിഭവ ശേഷി ഇന്ത്യക്കുണ്ട്. ഡോക്ടർമാർക്കും നഴ്സുമാർക്കും, ആരോഗ്യമേഖലയിൽ പ്രത്യേക പരിശീലനം ലഭിച്ച മറ്റു ആരോഗ്യ പ്രവർത്തകർക്കും ഇതുവഴി തൊഴിൽ ലഭിക്കാനിടയാകും. സാർവ്വത്രികമായ ആരോഗ്യ പരിരക്ഷക്കു മുള്ള അവകാശം എല്ലാ പൗരന്മാർക്കും ഉറപ്പുവരുത്തുക.
11) എല്ലാ സ്വകാര്യ ആശുപത്രികളും പരിചരണ കേന്ദ്രങ്ങളും, രോഗനിദാനത്തിനായുള്ള ഗവേഷണശാലകളും ദേശസാത്ക്കരിക്കുക. സൗജന്യമായ കോവിഡ് പരിശോധനയും ചികിത്സയും നൽകാൻ വിസമ്മതിക്കുന്ന എല്ലാ ആശുപത്രികൾക്കെതിരെയും കടുത്ത നടപടികൾ സ്വീകരിക്കുക. കോവിഡ് പ്രതിസന്ധി മൂലം അടഞ്ഞു കിടക്കുന്ന, മറ്റസുഖങ്ങൾക്കായുള്ള ചികിത്സ നൽകുന്ന ക്ലിനിക്കുകളും OPDകളും ഉടനടി തുറക്കുക.
12) വാടക പിരിക്കുന്ന ഭൂഉടമ വർഗ്ഗത്തോട് , ഈ മഹാമാരിയുടെ സമയത്ത് വാടക നിർബന്ധിതമാക്കരുത് എന്ന് നിയമത്തിലൂടെ ഉറപ്പാക്കുക, അസാധാരണ സാഹചര്യങ്ങളിൽ വാടക സർക്കാർ കൊടുക്കാൻ തയ്യാറാവുക.
13) കൊറോണ മഹാമാരിയുടെ ഈ സമയത്തു 18 കോടിയോളം വരുന്ന ഭാവന രഹിത ജനതക്കും അത്രതന്നെ വരുന്ന ചേരി നിവാസികൾക്കും സ്ഥിരതാമസത്തിനായി കെട്ടുറപ്പുള്ള ഭാവനകൾ ഏർപ്പാട് ചെയ്യുക, ഒഴിഞ്ഞു കിടക്കുന്ന എല്ലാ ഭവനങ്ങളും , സർക്കാർ , സ്വകാര്യ ഉടമസ്ഥതയിലുള്ളവ, ഇതിനായി ഉപയോഗപ്പെടുത്തുക, സർക്കാർ നേതൃത്വത്തിൽ പൊതു പാർപ്പിട സംവിധാനം കെട്ടിപ്പടുക്കുക.
14) ജനവിരുദ്ധമായ CAA -NRC പദ്ധതി പിൻവലിക്കുക. അതിനായി വകയിരുത്തിയ തുക , രാജയത്തെ കോവിഡ് -19 പ്രതിരോധത്തിനായി ഉപയോഗിക്കുക.
15) PM-CARES fund പരസ്യമായ കണക്കെടുപ്പിനു, ഓഡിറ്റിന് വിധേയമാക്കുക. അതിൽ കുമിഞ്ഞുകൂടിയ ആയിരക്കണക്കിന് കോടി രൂപ, പൊതുജന കമ്മിറ്റികളുടെ നേതൃത്വത്തിൽ, കോവിഡ് -19 പ്രതിരോധത്തിനായി ഉപയോഗിക്കുക.
16) കൊറോണ മാഹാമാരിക്കാലത്തു , കുടിയേറ്റ തൊഴിലാളികൾക്കെതിരെയും മറ്റു തൊഴിലാളികൾക്കെതിരെയും പോലീസ് നടത്തുന്ന അതിക്രമങ്ങളും ക്രൂരതയും തടയാൻ വേണ്ട ഏർപ്പാടുകൾ അടിയന്തിരമായി നടപ്പിൽ വരുത്തുക. കുറ്റക്കാരായ പോലീസുകാരെ കണ്ടെത്തി ഉടനടി ശിക്ഷ ഉറപ്പാക്കുക.
17) കൊറോണ പ്രതിസന്ധിയുടെ മറവിൽ ജനങ്ങൾക്കിടയിൽ, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സാമൂഹ്യ – രാഷ്ട്രീയ പ്രവർത്തകരെ വേട്ടയാടുന്നതും അറസ്റ്റ് ചെയ്യുന്നതും അവസാനിപ്പിക്കുക. എല്ലാ രാഷ്രീയ തടവുകാരെയും അടിയന്തിരമായി മോചിപ്പിക്കുക.
18) സ്ഥിരസ്വഭാവമുള്ള, എപ്പോഴും ആവശ്യമുള്ള ജോലികളിലെ, കോൺട്രാക്ട്– കാഷ്വൽ, താത്ക്കാലിക നിയമന സമ്പ്രദായം ഉടനടി അവസാനിപ്പിക്കുക, ഇത്തരം ജോലികളിൽ നിശ്ചിതകാലത്തേക്ക് മാത്രം പരിമിതപ്പെടുത്തിയുള്ള നിയമനരീതി നിർത്തലാക്കുക.
19) തൊഴിൽവകുപ്പിൽ വിധികാത്തു കിടക്കുന്ന കേസുകൾ കൊറോണ മഹാമാരിയുടെ മറവിൽ വൈകിപ്പിക്കാതിരിക്കുക. ഇത്തരം കേസുകളിന്മേൽ അടിയന്തിരമായി തീർപ്പുകല്പിക്കുക.
20) PF ഫണ്ടിൽ നിന്നും പണംപിൻവലിക്കാനുള്ള നടപടിക്രമങ്ങൾ സുതാര്യവും ലളിതവുമാക്കുക. ഈ പ്രക്രിയക്ക് തടമസായി നിൽക്കുന്ന എല്ലാ നൂലാമാലകളും എടുത്ത് കളയുക. അതുവഴി മാനേജ്മെന്റ്ൻറെയും കോൺട്രാക്ടര്മാരുടെയും ഉടമസ്ഥരുടെയും അഴിമതിയും, കമ്മീഷൻ പറ്റലും അവസാനിപ്പിക്കുക.
21) നിലവിൽ നിർമാണതൊഴിലാളികൾക്ക് മാത്രമാണ് സർക്കാർ തിരിച്ചറിയൽ കാർഡുകൾ നൽകിവരുന്നത്. ഇത് എല്ലാ ഫാക്ടറി തൊഴിലാളികൾക്കും നൽകണം, കാരണം അസംഘടിതമേഖലയിൽ പണി എടുക്കുന്ന ഭൂരിഭാഗം തൊഴിലാളികൾക്കും , തങ്ങൾ തൊഴിലാളികളാണെന്നു സാക്ഷ്യപ്പെടുത്തിയ യാതൊരു രേഖയുമില്ല.
22) പ്രതിരോധമേഖലക്കായി വകയിരുത്തിയ ഭീമമായ ചിലവുതുക വെട്ടിച്ചുരുക്കുക. അത് കോവിഡ് -19 പ്രതിരോധത്തിനായി ഉപയോഗിക്കുക.
സുഹൃത്തുക്കളെ, ജീവിതം തന്നെയാണ് പോരാട്ടം. നമ്മുടെ അവകാശങ്ങൾക്കുവേണ്ടി, നമ്മുടെ അഭിമാനത്തിനു വേണ്ടി, നമ്മുടെ മക്കൾക്ക് വേണ്ടിയുള്ള പോരാട്ടം. മസ്ദൂർ സംഘർഷ് സങ്കൽപ് അഭിയാൻ-ൻ്റെ ആഹ്വാനത്തോടെ ഈ സമരത്തിനും പോരാട്ടത്തിനും നമ്മൾ തുടക്കം കുറിച്ചിരിക്കുകയാണ്. നിങ്ങളുടെ സുഹൃത്തുക്കളോടും, സഹപ്രവർത്തരോടും, കുടുംബാങ്ങളോടും ഇതേ പറ്റി പറയുക. മറ്റുള്ളവരെ നമ്മോടൊപ്പം ചേർക്കുക!. ഇത് നമ്മുടെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. നമ്മൾ പ്രതികരിച്ചില്ലെങ്കിൽ, നമ്മുടെ അവസാന തുള്ളി ചോരയും ഊറ്റി കാശാക്കുന്നതുവരെ മുതലാളികളും കോൺട്രാക്ടർമാരും ഉടമസ്ഥന്മാരും പിന്മാറില്ല. ഈ സമരത്തിൽ പങ്കാളികളാകാൻ താല്പര്യപെടുന്നവർ താഴെപറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
അവകാശങ്ങൾ പിടിച്ചുവാങ്ങാൻ തൊഴിലാളികൾ പ്രതിജ്ഞ എടുത്തു കഴിഞ്ഞു!
റിവൊല്യൂഷനറി വർക്കേഴ്സ് പാർട്ടി ഓഫ് ഇന്ത്യ (RWPI)
ഡൽഹി മസ്ദൂർ യൂണിയൻ, ഡൽഹി സ്റ്റേറ്റ് അംഗൻവാഡി വർക്കേഴ്‌സ് & ഹെൽപ്പേഴ്‌സ് യൂണിയൻ, ഘരേലു കംഗാർ യൂണിയൻ , ഡൽഹി ഇസ്പത് മസ്‌ദൂർ യൂണിയൻ, ഭവാന ഔദ്യോഗിക് ക്ഷേത്ര മസ്‌ദൂർ യൂണിയൻ, ഡൽഹി മെട്രോ റെയിൽ കോൺട്രാക്ട് വർക്കേഴ്‌സ് യൂണിയൻ, ഓട്ടോമൊബൈൽ ഇൻഡസ്ടറി കോൺട്രാക്ട് വർക്കേഴ്‌സ് യൂണിയൻ, കാരവൽ നഗർ മസ്‌ദൂർ യൂണിയൻ, ക്രാന്തികാരി MNREGA മസ്‌ദൂർ യൂണിയൻ (ഹരിയാന),നിർമാൺ മസ്‌ദൂർ യൂണിയൻ, (ഹരിയാന), ബാന്ദ്കാം കാംഗാർ സംഘർഷ് സമിതി (മഹാരാഷ്ട്ര), ആമ്പിലോധാ പുർഗ്രസ്ത നാഗരിക് സംഘർഷ് സമിതി (പൂനെ , മഹാരാഷ്ട്ര), ഛത്തീസ്ഗഡ് മൈനസ് ശ്രമിക് സംഘ് (ഡാല്ലി, രാജ്ഹാര), ഛത്തീസ്ഗഡ് ശ്രമിക് സംഘ് (ഷഹീദ് നഗർ, ബീർഗാവൂൺ), ബിഗുൾ മസ്‌ദൂർ ദസ്‌ത, നൗജവാൻ ഭാരത് സഭ, സ്ത്രീ മുക്തി ലീഗ്, എന്നിവയുടെ ആഭിമുഖ്യത്തോടെ.
ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 9873358124, 9871771292, 9289498250, 8860743921 (ഡൽഹി), 8685030984, 8010156365, 9068886606 (ഹരിയാന), 8115491369, 9971196111, 9599067749 (ഉത്തർ പ്രദേശ്), 7070571498, 8873079266 (ബീഹാർ), 7042740669 (ഉത്തരാർഘണ്ഡ്), 6283170388 (പഞ്ചാബ്), 8956840785, 7787364729, 8888350333, 9082861727 (മഹാരാഷ്ട്ര), 8089714315 (കേരളം), 9582712837 (ഹിമാചൽ പ്രദേശ്), 9989170226 (തെലങ്കാന), 9993233537, 9993233527 (ഛത്തിസ്ഗഢ്), 7631235116 (പശ്ചിമ ബംഗാൾl)