ഒരു വശത്തു തൊഴിലാളികൾ കൊറോണ വൈറസിനും മരണത്തോടും മല്ലിട്ടുകൊണ്ടിരിക്കുമ്പോൾ , മറു വശത്തു അങ്ങേയറ്റം തൊഴിലാളി വിരുദ്ധരായ മോദി സർക്കാർ അടിച്ചേൽപ്പിച്ച ആസൂത്രണ രഹിതവും തെറ്റായി വിഭാവനം ചെയ്‌തതുമായ ലോക്ക് ഡൌൺ മൂലം നൂറുകണക്കിന് മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ വീടുകളിലേക്ക് മടങ്ങാൻ ആഗ്രഹിച്ച കുടിയേറ്റ തൊഴിലാളികൾക്ക് യാതൊരുവിധത്തിലുള്ള സൗകര്യങ്ങളും സർക്കാർ ഒരുക്കിയില്ല. തൽഫലമായി ശ്രമിക് എന്ന പേരിൽ ധൃതിപിടിച്ചു നിരത്തിലിറക്കിയ പ്രത്യേക തീവണ്ടികളാകട്ടെ എൺപതോളം തൊഴിലാളികളുടെയും കുഞ്ഞുങ്ങളുടെയും മരണത്തിനു കാരണമായി. ഇപ്പോഴാകട്ടെ, കുറച്ചുമാസങ്ങളിലായി നിശ്ചലാവസ്ഥയിലായിരുന്ന, ലാഭം മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള മുതലാളിത്ത ഉത്പാദന സംവിധാനം വീണ്ടും ചലിപ്പിക്കാനായി, മുൻപത്തേതു് പോലെ ആസൂത്രണ രഹിതമായി ലോക്ക് ഡൌൺ പിൻവലിച്ചു, . ഫാക്ടറികളിലേക്കും തൊഴിൽ ശാലകളിലേക്കും തിരികെപോകാൻ നാം നിർബന്ധിതരായിരിക്കുകയാണ്. ഫാക്ടറികളിലേക്കും ഓഫീസുകളിലേക്കും തിരികെ എത്തിയ ഒരുപാട് തൊഴിലാളികൾക്കു വൈറസ് ബാധിക്കുകയും , തൊഴിലാളികൾ താമസിക്കുന്ന അയല്പക്കങ്ങളിൽ വ്യാപകമായി വൈറസ് പടരുകയും ഒരുപാട് പേർ മരണപ്പെടുകയും ചെയ്‌തു. എന്നാൽ ഇത്തരം കണക്കുകൾ വലിയതോതിൽ മറച്ചുവെക്കുകയും അടിച്ചമർത്തി വെക്കുകയും ചെയ്യുന്ന സ്‌ഥിതിവിശേഷമാണുള്ളത് . മുതലാളിമാരും അവരുടെ ദല്ലാളന്മാരും നമുക്ക് മുൻപിൽ വെച്ചിരിക്കുന്ന 2 ബദലുകളാണ്, ഒന്നുകിൽ പട്ടിണിയും തൊഴിലില്ലായിമയും മൂലം മരിക്കുക, അല്ലെങ്കിൽ കോവിഡ് -19 മൂലം മരിക്കുക! നമ്മുടെ മുന്നിൽ മറ്റു വഴികൾ ഇല്ലാതായിരിക്കുകയാണ്. കൊറോണ മൂലമുള്ള മരണത്തിൽ നിന്നും , പട്ടിണിയും തൊഴിലില്ലായിമയും മൂലമുള്ള മരണത്തിൽ നിന്നും സംരക്ഷണം നേടിയെടുക്കാൻ നമുക്ക് അവകാശമുണ്ട്.